ഇരിങ്ങാലക്കുട ബാങ്കിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരിയടക്കം മൂന്നു പേർ പിടിയിൽ

 


ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റിവ് ബാങ്കിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കാറളം സ്വദേശി കളപ്പുരക്കൽ രാമൻ നമ്പ്യാർ മകൾ ഉഷ (56), കാറളം സ്വദേശി കളപ്പുരക്കൽ രാമചന്ദ്രൻ മകൻ അനന്തു (18), കൊടുങ്ങല്ലൂർ സ്വദേശി പുതുക്കുളത്ത് മൊയ്തീൻ മകൻ ഷാലു (22) എന്നിവരെ തൃശ്ശൂർ റൂറൽ എസ് പി വിശ്വനാഥ്, ഐ പി എസ്സിന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗ്ഗീസും, ഇൻസ്പെക്ടർ ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട സ്വദേശിക്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചതായി മെസ്സേജ് വന്നതിനെ തുടർന്നാണ് പരാതിയുമായി ബാങ്കിനെ സമീപിച്ചത്.
പിന്നീട് ബാങ്ക് ഇരിങ്ങാലക്കുട പോലീസിനെ സമീപിക്കുകയായിരുന്നു.
തട്ടിപ്പിന്റെ ഗൗരവം മനസ്സിലാക്കിയ തൃശ്ശൂർ റൂറൽ എസ് പി വിശ്വനാഥ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും, തുടർന്നു നടത്തിയ അന്വേഷണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വൻ തട്ടിപ്പ് പുറത്തു വരികയുമായിരുന്നു.
ബാങ്കിലെ സ്റ്റാഫായ ഉഷ വൻ തുകകൾ ഉള്ളതും, അധികം ഉപയോഗിക്കാത്തതുമായ അക്കൗണ്ടുകൾ നിരീക്ഷിക്കുകയും, വ്യാജ ചെക്കുപയോഗിച്ച് പണമായും, മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തും കൈക്കലാക്കുകയായിരുന്നു.
നാൽപ്പതു ലക്ഷം രൂപയോളം ഇപ്രകാരം തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തിൽ വെളിവായിട്ടുണ്ട്.
സഹോദരന്റെ മകനായ അനന്തകൃഷ്ണന്റെയും സുഹൃത്തായ ഷാലുവിന്റെയും സഹായത്തോടെ ആയിരുന്നു ഓപ്പറേഷനുകൾ.
ആഢംബര ജീവതത്തിനു വേണ്ടിയായിരുന്നു പ്രതികളുടെ തട്ടിപ്പ്.
ഒരു വർഷത്തോളമായി തട്ടിപ്പു നടത്തുന്ന പ്രതികൾ അവസാന തട്ടിപ്പ് പുറത്തുവന്നതിൽ പരിഭ്രാന്തരായി ഒളിവിൽ പോവുകയായിരുന്നു.
ബാങ്കിന്റെ കമ്പ്യൂട്ടറിൽ നിന്നും അക്കൗണ്ട് വിവരങ്ങളും ഒപ്പും മറ്റും ശേഖരിച്ച്, അനന്തുവിന് കൈമാറുകയും, തുടർന്ന് വ്യാജ ചെക്ക് തയ്യാറാക്കി, കള്ള ഒപ്പിടുന്നതിൽ വിദഗ്ദ്ധനായ അനന്തു ഒപ്പിട്ട്, ഷാലുവിന് കൈമാറുകയും, ഷാലു ബാങ്കിൽ എത്തി പണമാക്കി മാറുകയുമായിരുന്നു ചെയ്തിരുന്നത്.
അനന്തുവിന്റെ വേറെയും സുഹൃത്തുക്കൾ വഴി പണം മാറിയിട്ടുണ്ടോ എന്നും മറ്റ് ബാങ്ക് ജീവനക്കാർക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചു വരുന്നുണ്ട്.
നിരവധി ആഡംബര കാറുകൾ സ്വന്തമായുള്ള പ്രതികൾ കാറുകൾ പണയത്തിനും എടുത്തിരുന്നു.
കള്ള ഒപ്പിടുന്നതിൽ വിദഗ്ദ്ധനായ അനന്തു പ്രോഗ്രസ് കാർഡ് ഒപ്പിടുന്നതിനു സ്പെഷ്യലിസ്റ്റ് ആയിരുന്നു. ഷാർജ ടു ഷാർജ സിനിമയിലെ "കുവൈറ്റ് കൊച്ചുണ്ണി " എന്നാണ് സുഹൃത്തുക്കൾ ഇയാളെ വിളിച്ചിരുന്നത്.
ബാങ്കിൽ നിന്നും ചെക്ക് മാറാൻ മാസ്ക് ധരിച്ചെത്തിയ ഷാലു , സംഭവം പ്രശ്നമായതിനെ തുടർന്ന് കാറിൽ ബാംഗ്ളൂരിലേക് കടക്കുകയായിരുന്നു.
പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് തന്ത്രപൂർവ്വം പോലീസ് പ്രചരിപ്പിച്ചതിനെ തുടർന്ന് മസ്കറ്റിലേക്ക് പോകുന്നതിനായി രേഖകൾ എടുക്കുന്നതിനായി കാർ ബാംഗ്ളൂരിൽ ഉപേക്ഷിച്ച് തൃശൂരിൽ എത്തിയപ്പോൾ ഷാലുവിനെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
തുടർന്ന് ഒളിവിലായിരുന്ന ഉഷയേയും അനന്തുവിനെയും കസ്റ്റഡിയിൽ എടുത്തു.
ദിവസങ്ങൾക്കുള്ളിൽ പ്രതികളെ പിടികൂടിയതിൽ ഡി ഐ ജി എസ് സുരേന്ദ്രൻ, ഐ പി എസ്സും, തന്റെ റിട്ടയർമെന്റ് ദിവസം തന്നെ മുഴുവൻ പ്രതികളെയും പിടികൂടിയതിൽ ഡി വൈ എസ് പി ഫേമസ് വർഗ്ഗീസും അന്വേഷണ സംഘത്തെ പ്രത്യേകം അഭിനന്ദിച്ചു.
എസ് ഐ പി ജി അനൂപ്, എ എസ് ഐ സുജിത്ത്, എ കെ മനോജ്, അനൂപ് ലാലൻ, വൈശാഖ് മംഗലൻ, നിഷി സിദ്ധാർത്ഥൻ എന്നിവരായിരുന്നു പ്രതിയെ പിടികൂടിയ പ്രത്യേക സംഘത്തിൽ ഉണ്ടായിരുന്നത്.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..